ന്യൂഡൽഹി: വിവാഹച്ചടങ്ങുകൾക്കായി ഹരിയാനയിലെ കുപ്രസിദ്ധ കുറ്റവാളിയും ഗുണ്ടാതലവനുമായ മെയിൻപാൽ ധില്ലയ്ക്ക് കോടതി 12 മണിക്കൂർ കസ്റ്റഡി പരോൾ അനുവദിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് പരോൾ നൽകിയത്. ഹരിയാനയിലെ ജാജ്ജറിലുള്ള ജയിലിന് സമീപമുള്ള ഫാംഹൗസിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
കംബോഡിയൻ സ്വദേശിനിയായ മെറ്റാചാൻ ആണ് വധു. വിവാഹത്തിനായി വധുവും ഇവരുടെ നാല് മക്കളിൽ മൂന്ന് പേരും ഇന്ത്യയിലെത്തിയിരുന്നു. കൊലപാതകം ഉൾപ്പെടെ 22-ഓളം കേസുകളിൽ പ്രതിയായ ധില്ല, 2018-ൽ പരോളിലിറങ്ങിയ ശേഷം 'സോനുകുമാർ' എന്ന വ്യാജ പേരിൽ കംബോഡിയയിലേക്ക് കടക്കുകയായിരുന്നു. അവിടെ ബിസിനസ് ആരംഭിച്ച ശേഷമാണ് മെറ്റാചാനുമായി അടുപ്പത്തിലാകുന്നതും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതും.
2024-ൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് 2025 ജൂലൈയിൽ ധില്ല കംബോഡിയയിൽ അറസ്റ്റിലാവുകയും സെപ്റ്റംബറിൽ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു. രാത്രി എട്ട് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി ധില്ലയെ തിരികെ ജയിലിലെത്തിച്ചു.